രസതന്ത്രത്തെ ആര്‍ക്കാണു പേടി..? [കാഞ്ഞിരപ്പള്ളിക്കാര്‍ക്കോ,കൊള്ളാം....!!!!]

അജണ്ടയിലില്ലാതിരുന്ന ഒരിനംകൂടി കഞ്ഞിരപ്പള്ളിക്കാരു സാറമ്മാര്‍ ഇത്തവണത്തെ അധ്യാപക പരിശീലനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടൊപ്പം എഴുതിച്ചേര്‍ത്തിരുന്നു .. പിള്ളേരടെ രസതന്ത്രപ്പേടി മാറ്റുന്നതിനുള്ള തന്ത്രങ്ങൾ മെനയുക.57 പേരാണു ഇളംകുളം സെന്റ് മേരീസില്‍  അടിച്ചുപൊളിച്ചതു്‌,അഞ്ചു ദിവസം.സിങ്കിന്റെ നേര്‍പ്പിച്ച ഹൈഡ്രോക്ളോറിക്ക് ആസിഡിലെ പ്രവര്‍ത്തനം പോലെ മന്ദഗതിയില്‍  തുടങ്ങി,മഗ്നീഷ്യം ഗാഢഹൈഡ്രോക്ളോരിക്കാസിഡില്‍  വീണതുപോലെ ഒടുക്കം നുരഞ്ഞുപൊന്തുകയായിരുന്നു.അഞ്ചാം ദിവസം ഉച്ചയ്ക്കു കഴിച്ച കോഴി ബിരിയാണി,പക്ഷെ എല്ലാത്തിന്റേയും തല മന്ദിപ്പിച്ചുകളഞ്ഞു,പുതിയ പാഠപുസ്തകത്തെക്കുറിച്ചൂള്ള വിലയിരുത്തല്‍ രേഖ തയ്യാറാക്കൽ കോഴിബിരിയാണിയിൽ കുഴഞ്ഞുപോയി....
കാഞ്ഞിരപ്പള്ളിയില്‍ ആണ്‍ രസതന്ത്രത്തിനു വംശനാശം സംഭവിച്ചിരിയ്ക്കുകയാണു.57 ൽ 50ഉം പെണ്ണുങ്ങളായിരുന്നു...!!!എങ്കിലും ആണുങ്ങളെല്ലാം "രസിച്ചു"തന്നെ രസതന്ത്രം പഠിച്ചു.ആണുങ്ങളിലാരും തന്നെ ഒറ്റദിവസം പോലും ഹാജരാകാതിരുന്നില്ല....!!
രണ്ടാം ദിവസം തുടങ്ങി മൂന്നാം ദിവസത്തിലേയ്ക്കു നീണ്ട പരീക്ഷണ സെഷന്റെയൊടുക്കം പരിക്ഷീണരായിപ്പോയി,പലരും.25ഓളം പരീക്ഷണങ്ങള്‍ . പരീക്ഷണങ്ങളുടെ പൂരക്കാഴ്ച്ച അവസാനിച്ചതു ഫൌണ്ടന്‍ പരീക്ഷണത്തിന്റെ വര്‍ണ്ണവിസ്മയമാര്‍ന്ന കുടമാറ്റത്തോടെയാണു..
എങ്കിലും ചില സംശയങ്ങൾ ബാക്കി. ....

*ഗാല്‍വാനിക് സെല്ലില്‍ സാള്‍ട്ട് ബ്രിഡ്ജിനുപകരം ചെമ്പുകമ്പി വച്ചാലും വിഭ്രംശം,ദണ്ടുകള്‍  പരസ്പരം മാറ്റിയാലും...!!!!!!!!!
*അമോണിയം ക്ളോറയിഡ് ചൂടാക്കിയാല്‍ ഉണ്ടാകുന്ന വാതകങ്ങള്‍ ലിറ്റ്മസ്സിന്റെ നിറം മാറ്റുമോ? ചുവപ്പായും, പിന്നെ നീലയായും?[അമോണിയം ക്ളോറയിഡ് ഉത്പതനം സംഭവിക്കുന്നതാകയാല്‍ അതു ബാഷ്പമാകുകയും ടെസ്റ്റ്യൂബിന്റെ വശങ്ങളില്‍ പറ്റിപ്പിടിയ്ക്കുകയുമാണു ചെയ്യുന്നതെന്നും ചില കാഞ്ഞിരപ്പള്ളിക്കാര്‍ പറയുന്നു. മണ്ടത്തരമാണോ?
*തുരിശില്‍ ആണി ഇട്ടുവച്ചാല്‍  ചെമ്പു നിറം സിങ്കിട്ടുവച്ചാല്‍  കറുപ്പു നിറം,അതെന്തേ?
കണ്ടെന്റ് എന്‍ റിച്ചുമെന്റിനുള്ള കോഴ്സാണു എല്ലാവരും ആവശ്യപ്പെടുന്നതു[എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം..!]മെഥ്ഡോളജിയിൽ മാത്രം കിടന്നു വട്ടം കറങ്ങുന്ന ഈ ഏര്‍പ്പാട് മടുത്തു തുടങ്ങിയെന്നു ഫീഡ് ബായ്ക്ക്...
എന്തായാലും രസതന്ത്രപ്പേടി മാറ്റാനുള്ള ഒത്തിറി സൂത്രങ്ങളുമായാണു എല്ലാവരും മടങ്ങിയതു...കാഞ്ഞിരപ്പള്ളിയിൽ എല്ലാവരും ഹാപ്പിയാണു കേട്ടോ..[പ്രതിഫലം 125 ആയി...പുതിയ സ്കെയിൽ വന്നിട്ടേ ഞങ്ങൾ സറണ്ടര്‍ എഴുതുന്നുമുള്ളൂ]


Comments

  1. തമാശയിലും അല്പം കാര്യമുണ്ട് !

    ReplyDelete
  2. പരീക്ഷണങ്ങൾ പാഠങ്ങളുമായി ബന്ധപ്പെട്ടതായിരുന്നല്ലോ.അതുകൊണ്ട് നന്നായി. കെമിസ്റ്റ്‌റിയെ കുട്ടികൾക്ക് അങ്ങനെ ഭയമൊന്നും ഇല്ല. ഓർഗനിക് കെമിസ്‌ട്രിയിലെ കുറേ ‘റ്റേംസ്’ പ്രയാസം ഉണ്ടാക്കുന്നത് അതെല്ലാം പഠിപ്പിക്കുന്ന രീതിയുടെ പ്രയാസം ആണല്ലോ. ചെയ്ത പരീക്ഷണങ്ങളുടെ പ്രവർത്തനം (പ്രോസസ്സ് )വിവരിച്ചാൽ അതു അധ്യാപകർക്കും കുട്ടികൾക്കും വളരെ ഗുണം ചെയ്യും. പിന്നെ ബിരിയാണിയും മറ്റും...അതിലാണല്ലോ ഊന്നൽ!
    ബ്ലോ‍ഗ് ഇന്നാണ് കണ്ടത്. ഇഷ്ടപ്പെട്ടു.

    ReplyDelete

Post a Comment