....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

മാഡം ക്യൂറി ചരമ ദിനം - ജൂലൈ നാല്

ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ മഹാ ശാസ്ത്രജ്ഞന്മാര്‍ മേരി സ്ക്ലോഡോവ്സ്കാ ക്യുറിയെക്കുറിച്ച് ഇങ്ങനെ കൊത്തിവെച്ചു; "A TRULY REMARKABLE IN THE HISTORY OF SCIENCE" . ശാസ്ത്ര ലോകത്തെ ആകമാനം വിറപ്പിച്ച ആ അത്ഭുത വനിതാപ്രതിഭയെ കുറിച്ച് ശ്രീമതി സിന്ധു എസ് നായര്‍ രചിച്ച അതിമനോഹരമായ ഒരു പുസ്തകമാണ് മേഡം ക്യുറി. ഒരുനാള്‍ വിശപ്പ്‌ സഹിക്കാതെ തളര്‍ന്നു വീണ മേഡം ക്യുറി,പിന്നീടൊരുനാള്‍ ശാസ്ത്ര ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു എന്നത് ഒരു പക്ഷെ ഏവര്‍ക്കും അവിശ്വസിനീയമായ കാര്യമായിരിക്കാം. ജീവിതത്തില്‍ കൊത്തിവെച്ച ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത കഠിന പ്രയത്നവും നിശ്ചയദാര്‍ഡ്യവും അവരെ ശാസ്ത്രത്തിന്റെ രക്ഷകയാക്കി.

അത്യുത്തമ നേട്ടത്തിന്റെയും, വിനയത്തിന്റെയും, മഹത്വത്തിന്റെയും മാതൃകയാണ് മേരി പിയറി ദമ്പതികള്‍. തളരാത്ത മനസ്സുമായി ചോര്‍ന്നൊലിച്ച "പരീക്ഷണ ശാലയില്‍" അവള്‍ അധ്വാനിക്കുമ്പോള്‍ പ്രിയതമക്ക് കൂട്ടായി ഉപദേശങ്ങളൊടെ പിയറി ക്യുറി എന്ന മഹാനായ ശാസ്ത്രജ്ഞനമുണ്ടായിരുന്നു. ഭാവി തലമുറയ്ക്ക് വേണ്ടി ജീവന്‍ തന്നെ ഹോമിച്ച ഒരു പ്രതിഭയായിരുന്നു മേരി ക്യുറി.പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രവികാസ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കണ്ടുപിടിത്തമാണ് റേഡിയം.ഇതിനായി തന്റെ ജീവിതം മുഴുവന്‍ അര്‍പ്പിച്ച മേരിയുടെ അര്‍പ്പണ ബോധത്തിന്റെ ഫലമായാണ്‌ റേഡിയം എന്ന അത്ഭുത മൂലകം പിറവിയെടുത്തത്.യൂറോപ്പ് ഭൂഖണ്ടത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത,നോബല്‍ സമ്മാനം നേടുന്ന പ്രഥമ വനിത,രണ്ടു പ്രാവശ്യം രണ്ടു വിഷയങ്ങള്‍ക്കായി നോബല്‍ സമ്മാനം നേടുന്ന പ്രഥമ വനിത,തുടങ്ങിയ അത്യപൂര്‍വമായ നേട്ടങ്ങള്‍ക്ക്‌ ഉടമയായിരുന്നു റേഡിയത്തിന്റെയും പൊളൊനിയത്തിന്റെയും മാതാവ്‌ .

1867 നവംബര്‍ 7 ന്‌ പോളണ്ടിലെ കുലീനമായ ഒരു കുടുംബത്തിലാണ്
മരിയ സ്ക്ലോടോവ്സ്കാ എന്ന മേരി ക്യുറി ജനിച്ചത്‌. പിതാവ് വ്ളാദിസ്ലാവ് സ്ക്ലോടോവ്സ്കാ. മാതാവ്‌ ബ്രോണിസ്ല സ്ക്ലോടോവ്സ്കാ. ഏറ്റവും ഇളയതും അഞ്ചാമത്തെ കുട്ടിയുമായ മരിയയുടെ ജനനം മാഡം സ്ക്ലോടോവ്സ്കായുടെ ആരോഗ്യം പാടെ തകര്‍ത്തു.1876 ല്‍ വിഷജ്വരം ബാധിച്ച് മേരിയുടെ മൂത്ത സഹോദരി സോസിയ മരണമടഞ്ഞു. എന്നാല്‍ ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പേ മറ്റോന്ന് അവരെ തേടിയെത്തി. രണ്ടു വര്‍ഷം കഴിഞ്ഞ് 1878 ല്‍ ക്ഷയരോഗം മൂര്‍ചിച്ചു മാഡം സ്ക്ലോടോവ്സ്കയും മരണമടഞ്ഞു. രണ്ടു ദുരന്തങ്ങളും അവള്‍ക്കേല്പിച്ചത് നഷ്ടങ്ങളുടെ കനത്ത ആഘാതമായിരുന്നു. ബ്രോണിയ, ഹെലെന്‍, ജോസഫ്‌, മേരി, അച്ഛന്‍ വ്ളാദിസ്ലാവ് സ്ക്ലോടോവ്സ്കാ ഇത്രയും പേരടുങ്ങുന്നവരായി സ്ക്ലോടോവ്സ്കാ കുടുംബം ചുരുങ്ങി. അമ്മയുടെ മരണശേഷം അച്ഛന്റെ ജോലിയും നഷ്ട്ടപ്പെട്ടു. തുടര്‍ന്നവര്‍ ദാരിദ്രത്തിന്റെ കയത്തിലേക്ക് തെന്നി വീണു. പഠിക്കാനുള്ള മോഹത്തോടെ മേരി ജോലിക്ക് പോയി. ബ്രോണിയ പാരിസ്സിലക്ക് പഠിക്കാന്‍ പോവുകയും ചെയ്തു. പിന്നീട് ബ്രോണിയ ഒരു ഡോക്ടറെ വിവാഹം കഴിച്ചു. തുടര്‍ന്ന് അവരുടെ ക്ഷണപ്രകാരം മേരി പാരിസിലേക്ക് യാത്രയായി. ചേച്ചി ബ്രോണിയയുടെ കൂടെ താമസിച്ച മേരി അവിടത്തെ സന്തോഷവും മറ്റും തന്റെ പഠനത്തിനു വിലങ്ങാവും എന്ന് കണ്ട് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. പിന്നീട് കടക്കെണിയില്‍ വലയുന്ന അച്ഛനെ അധികം ബുദ്ധിമുട്ടിക്കില്ലെന്നു തീരുമാനിച്ച് തന്റെ ഒരു ദിവസത്തെ ഭക്ഷണം കുറച്ചു ചെറിപ്പഴങ്ങളായി ചുരുക്കി. പുസ്തകങ്ങളുടെ ഓരോ താളും കാര്‍ന്നു തിന്നുകൊണ്ട്‌ വിജ്ഞാനത്തിന്റെ സാഗരത്തിലേക്ക് വിശപ്പും ദാഹവും മറന്നു ആഴ്ന്നിറങ്ങി. സ്വയം ജോലി ചെയ്തു ആരെയും കഷ്ടപെടുത്താതെ ജീവിക്കാന്‍ ആഗ്രഹിച്ച മേരി ബിരുദാനന്ദ ബിരുദം കരസ്ഥമാക്കിയത് തനിക്കേറ്റവും പ്രിയപ്പെട്ട അച്ഛനോട് പോലും പറയാതെയാണ്. അങ്ങനെ ഒരിക്കല്‍ മേരിയും പിയറിയും തമ്മില്‍ കാണാന്‍ ഇടയായി. 1895 ജൂലൈ 26 മേരിയുടെയും, ഒപ്പം ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ ദിനമായിരുന്നു. വെറും ഒപ്പുവയ്ക്കലിലൂടെ മറ്റു കോലാഹലങ്ങളില്ലാതെ അന്ന് ക്യുറി ദമ്പതിമാര്‍ ഉണ്ടായി. മേരിയുടെ ബുദ്ധിയില്‍ എന്നും അത്ഭുതപ്പെട്ടിരുന്ന പിയറി അവള്‍ക്കു തങ്ങും തണലുമായി തന്റെ ജീവിതാന്ത്യം വരെ നിലകൊണ്ടു. 

വിവാഹത്തിന് ശേഷം ഡോക്റ്ററേറ്റ് ലക്ഷ്യമാക്കി മേരി റേഡിയോ ആക്ടിവതയെ കുറിച്ച് പഠനംനടത്താന്‍ തുടങ്ങി. അതിന്റെ ഫലമായി കഠിനപ്രയത്നത്തിലൂടെ പ്ലീച് ബെഡില്‍ നിന്നും അയിര്തിരിച്ച് പൊളോണിയവും അതിനെക്കാള്‍ നൂറിരട്ടി റേഡിയോ ആക്ടിവതയുള്ള റേഡിയവും ക്യുറി
ദമ്പതികള്‍ കണ്ടെത്തി. ശാസ്ത്രലോകത്തെ ആകമാനം അത്ഭുതപ്പെടുത്തിയ ആ കണ്ടുപിടിത്തത്തെ തുടര്‍ന്ന് നോബല്‍ സമ്മാനം ഇരുവരെയും തേടിയെത്തി. റേഡിയേഷന്‍ മൂലം കൈ മുഴുവന്‍വ്രണവുമായി ഒരസ്ഥികൂടത്തെ പോലെ നടന്നകലുന്ന പിയറിക്യുറിയെ സുഹൃത്തുക്കള്‍      ദു:ഖത്തോടെയും ആദരവോടെയും നോക്കി കണ്ടു. മേരിയുടെ അവസ്ഥയും ഭിന്നമായിരുന്നില്ല. ഒരിക്കല്‍ മേരിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ
റിപ്പോര്‍ട്ടര്‍ കണ്ടത് ചറപറന്ന മുടിയുമായിപണിയെടുക്കുന്ന ഒരു സ്ത്രീയെയാണ്. വേലക്കരിയാണെന്നാണ് ലേഖകന്‍ അവരെ കണ്ടു വിചാരിച്ചത്. എളിമയുടെ മൂര്‍ത്തി ഭാവമാണ് മേരി എന്ന് ഈ സന്ദര്‍ഭം തെളിയിക്കുന്നു.


ഒരു ദുരന്തം കുതിരവണ്ടിയുടെ രൂപത്തില്‍ വന്നു പിയറിയുടെ ജീവന്‍ തട്ടിയെടുത്തു. അങ്ങനെ 1906 ല്‍ആ മഹാപ്രതിഭ മരണമടഞ്ഞു. തുടര്‍ന്ന് പ്രജ്ഞ നഷ്ട്ടപ്പെട്ടവളെ പോലെയായി മേരി. എന്നാല്‍ഒരാശ്വാസമെന്നവണ്ണം മറ്റൊരു പരീക്ഷണത്തിനും മേരിക്ക് നോബല്‍ സമ്മാനം ലഭിച്ചു. മൂത്തമകള്‍ ഐറീന്‍ ക്യുറി അമ്മയുടെ പാത പിന്തുടര്‍ന്നപ്പോള്‍ ഇളയ മകള്‍ ഈവ് ക്യുറി പേരെടുത്തത്സംഗീതത്തിലും സൗന്ദര്യത്തിലും എഴുത്തിലുമായിരുന്നു. ഒരായുസ്സ് മുഴുവന്‍ റേഡിയേഷന്‍ ഏറ്റുവാങ്ങിഒടുവില്‍ രക്താര്‍ബുദത്തിനും'ഉടമയായി' 1934 ജൂലായി 4 ന്‌ ശാസ്ത്രലോകത്തെ ആകമാനം പ്രകമ്പനംകൊള്ളിച്ച ആ അത്ഭുതവനിത യാത്രയായി.
ശാസ്ത്രത്തിനൊപ്പം അതിന്റെ വേദനകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ മേരി ക്യുറിക്ക് എന്നുംകഴിഞ്ഞിരുന്നു.ആഹ്ലാദത്തിന്റെ മധുരവും,കണ്ണീരിന്റെ ഉപ്പും,സാഹസികതയുടെ എരിവും കലര്‍ന്ന മരിയ സ്ക്ലോടോവ്സ്കാ ക്യുറിയുടെ ഈ ജീവിത കഥ ഏതൊരു കുട്ടിക്കും പ്രചോദനവും,ഉള്‍ക്കാഴ്ചയും ലക്ഷ്യബോധവും പകരുന്നതാണ്.
http://malavikapayyanur.blogspot.com

from വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം

1867 നവംമ്പർ 7-ന്‌ പോളണ്ടിലെ വാഴ്സയിൽ ജനിച്ചു. മേരിയുടെ പിതാവ്‌ എം.പ്‌ളാഡിസ്‌ളാവ്‌ സ്‌കേളാഡോവ്‌സ്കി ഒരു ഫിസിക്സ്‌ അദ്ധ്യാപകനായിരുന്നു. മേരിയുടെ മാതാവ്‌ വ്‌ളാഡിസ്‌ലാവ്‌ ഒരു ക്ഷയരോഗിയായിരുന്നു.

പിതാവ്‌ ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു. അതുകൊണ്ട്‌ ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ്‌ മേരി വളർന്നത്‌. പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താത്പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ മേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസ്സിൽ സ്വർണ്ണ മെഡൽ നേടി അവൾ സ്കൂൾ പഠനം പൂർത്തിയാക്കി.

കടുത്ത ദാരിദ്യത്തിനിടയിലും അവൾ സൂക്ഷിച്ച്‌ വച്ചിരുന്ന കുറച്ചു റൂബിളുമായി 1891-ൽ പാരീസിലെ സോർബോൺ സർവ്വകലാശാലയിൽ ബിരുദപഠനത്തിന്‌ ചേർന്നു. വല്ലപ്പോഴും പിതാവ്‌ അയച്ചിരുന്ന പണം ലഭിച്ചിരുന്നെങ്കിലും അത്‌ ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല. ദിവസങ്ങളോളം ആഹാരം കഴിക്കതെ മണിക്കൂറുകൾ അദ്ധ്വാനിച്ച് തളർന്ന് പുസ്തകങ്ങളുടെ മുകളിൽ വീണ്‌ ഉറങ്ങിയിട്ടുണ്ട്‌. 1893-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തു. 1894-ൽ ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ ശാലയിൽ പരീക്ഷണങ്ങളുമയി കഴിയവെ അവൾ തന്റെ അതേ ആശയങ്ങളുമായി പ്രവർത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങൾ ചർച്ച ചെയ്യനുള്ള ആ കൂടികാഴ്ചകൾ വളർന്നു. 1895 ജൂലൈയിൽ അവർ വിവാഹിതരായി. വിവാഹ ശേഷവും ക്യുറി ദമ്പതികൾ പരീക്ഷണങ്ങൾ തുടർന്നു.

ശാസ്ത്രനേട്ടങ്ങൾ


ആയിടക്കാണ്‌ ഹെന്രി ബേക്കറൽ എന്ന ശാസ്ത്രജ്ഞൻ യുറേനിയം ലവണത്തിൽ നിന്ന് അറിയപ്പെടത്ത ഒരു പ്രകാശം പുറപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്‌. പിൽ‌കാലത്ത്‌ ക്യൂറിമാർ ഇതിനെ റേഡിയോ ആൿടിവിറ്റി എന്ന് വിളിച്ചു. ഇതിൽ താൽപര്യം തോന്നിയ അവർ അന്നേവരെ അറിയപ്പെടാതിരുന്ന ആ മേഖലയിലേക്ക്‌ തിരിഞ്ഞു. 1898-ൽ തന്റെ നാടിന്റെ നാമം ചേർത്ത്‌ പൊളോണിയം എന്ന പുതിയ മൂലകം കണ്ടുപിടിച്ചു. തുടർന്നു നടത്തിയ ശ്രമങ്ങളുടെ ഫലമായി ക്യൂറിമാർ പിച്ച്‌ ബ്ലെൻഡിൽ നിന്ന് റേഡിയം കണ്ടുപിടിച്ചു. ഒരു ഇരുമ്പ്‌ മേശയും സ്റ്റൗവും മാത്രം ഉപയോഗിച്ചാണ്‌ ഈ മൂലകങ്ങളെ ക്യൂറിമാർ വേർതിരിച്ചെടുത്തത്.

റേഡിയം വേർതിരിച്ചെടുത്തതോടെ അതിന്റെ നിർമ്മാണാവകാശം നേടിയെടുക്കാൻ ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേർ വന്നെങ്കിലും ഇത് ധനസമ്പാദനത്തിനുള്ള മാർഗ്ഗമാക്കാതെ നിർമ്മാണരഹസ്യം പൊതുജനങ്ങൾക്കായി പരസ്യമാക്കുകയായിരുന്നു അവർ ചെയ്തത്. അവർ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു "ശാസ്ത്രജ്ഞർ ധനത്തിനായല്ല പരീക്ഷണങ്ങൾ നടത്തുന്നത്‌ നിങ്ങൾക്ക്‌ വേണ്ട വിവരമെല്ലാം ഞങ്ങൾ തരാം."

പുരസ്കാരങ്ങൾ


റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ കണ്ടെത്തൽ ക്യൂറിമാരെ ലോകപ്രശസ്തരാക്കി. ബഹുമതികളും അവാർഡുകളും ധാരാളം ലഭിച്ചു. 1903-ൽ ഫിസിക്സിൽ നോബേൽ സമ്മാനം ലഭിച്ചു. എന്നാൽ 1906-ൽ ഒരു റോഡപകടത്തിൽ പിയറി മരിച്ചു. എങ്കിലും മരിച്ച തന്റെ പ്രാണനാഥന്‌ ഉപഹാരം പോലെ ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന്‌ 1911-ൽ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം വീണ്ടും നേടി.
അന്ത്യം
എന്നാൽ അപ്പോഴേക്കും റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട്‌ വികിരണാഘാതം മൂലം മേരി രോഗിണിയായി. ലോകത്തിന്‌ വലിയ സംഭാവനകൾ നൽകിയ ആ മഹതി 1934 ജുലായ് 4-ന്‌ ലോകത്തോട്‌ വിട പറഞ്ഞു.

Download Life History

2 comments: