....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

ബാഷ്പീകരണത്തിന്റെ വിശദാംശങ്ങള്‍

സാധാരണ താപനിലയില്‍ സ്ഥിതി ചെയ്യുന്ന ദ്രാവകവും അതിന്റെ തന്മാത്രകളും വാതകാവസ്ഥ പ്രാപിക്കാറുണ്ട്. ഈ പ്രക്രിയയാണ് ബാഷ്പീകരണം. ദ്രാവക തന്മാത്രകളുടെ ശരാശരി ഊര്‍ജ്ജത്തേക്കാള്‍ ഓരോ തന്മാത്രക്കുമുള്ള ഊര്‍ജ്ജമാണ് ആ തന്മാത്ര ബാഷ്പീകരണത്തിനു വിധേയമാകുമോ എന്ന് തീരുമാനിക്കുന്നത്. അതിനാലാണ് തന്മാത്രകളുടെ ശരാശരി ഊര്‍ജ്ജത്തെ സൂചിപ്പിക്കുന്ന ' താപനില ' താഴ്ന്നിരിക്കുമ്പോഴും ബാഷ്പീകരണം സംഭവിക്കുന്നത്. ഒരു ദ്രാവകത്തിലെ എല്ലാ തന്മാത്രകള്‍ക്കും ഒരേ ഊര്‍ജ്ജമല്ല ഉള്ളത് എന്നാല്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ചു അളക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതാകട്ടെ ശരാശരി ഊര്‍ജ്ജനിലയും. അതായത് ഒരു ദ്രാവകത്തില്‍ ഊര്‍ജ്ജം കൂടുതലുള്ള തന്മാത്രകളും ഊര്‍ജ്ജം കുറഞ്ഞവയും ഉണ്ടാകും.എന്താണിതിന് കാരണമെന്നല്ലേ  തന്മാത്രകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഊര്‍ജ്ജ കൈമാറ്റം നടക്കുകയും ഒന്നിന് ഊര്‍ജ്ജം കൂടുകയും മറ്റേതിന് നഷടപ്പെടുകയും ചെയ്യുന്നതാണ് ഇങ്ങനെയുള്ള ഊര്‍ജ്ജ വ്യത്യാസത്തിന് കാരണം . മറ്റ് തന്മാത്രകളെ അപേക്ഷിച്ചു ഊര്‍ജ്ജം വളരെ കൂടുതുലുള്ളവക്ക് ആകര്‍ഷണ ബലത്തെ അതുജീവിച്ച് വാതകാവസ്ഥ പ്രാപിക്കാന്‍ സാധിക്കുന്നു , ദ്രാവകത്തില്‍ നിന്നും രക്ഷപെട്ട്പുറത്തേക്ക് പോയി
വാതക തന്മാത്രയകുന്നു. താപനില വര്‍ധിക്കുന്നതനുസരിച്ച് ഊര്‍ജ്ജം കൂടിയ തന്മാത്രകളുടെ എണ്ണം കൂടുന്നു അതനുസരിച്ച് ബാഷ്പീകരണവും. സാധാരണഗതിയില്‍ ദ്രാവക ഉപരിതലത്തിലുള്ള തന്മാത്രകള്‍ക്ക് മാത്രമേ ബാഷ്പീകരിക്കാന്‍ സാധിക്കൂ . ഊര്‍ജ്ജം കൂടിയ തന്മാത്രകള്‍ രക്ഷപെട്ട് പോകുമ്പോള്‍ ഊര്‍ജ്ജം കുറഞ്ഞ തന്മാത്രകള്‍ ദ്രാവകത്തില്‍ ബാക്കിയാവുന്നു എന്നുവെച്ചാല്‍ ദ്രാവകത്തിന്റെ താപനില കുറയുന്നു. വിയര്‍പ്പ് ശരീരത്തെ തണുപ്പിക്കുന്നത് , സ്പിരിറ്റ് ഉണങ്ങുമ്പോള്‍ തണുപ്പ് തോന്നുന്നത് ഇതെല്ലാംഇതിനു ഉദാഹരണങ്ങളാണ് .
ബാഷ്പീകരണം ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങള്‍പലതുണ്ട് . ചില ഉദാഹരണങ്ങള്‍ തന്നിരിക്കുന്നത് ശ്രദ്ധിക്കൂ .
  • അലക്കിയിട്ട തുണികള്‍ ഉണങ്ങുന്നത്
  • മണ്‍കലത്തിലെ ജലം തണുക്കുന്നത്
  • എന്‍ജിനുള്ളില്‍ പെട്രോള്‍ വാതകവസ്ഥ പ്രാപിക്കുന്നത്
  • ഭൂമിയില്‍ ജലത്തിന്റെ ചാക്രിക ചലനം സാധ്യമാകുന്നത്
ബാഷ്പീകരണവും തിളക്കലും
  1. ബാഷ്പീകരണം ഏതു താപനിലയിലും സംഭവിക്കുന്നു എന്നാല്‍ തിളക്കല്‍ ഒരു നിശ്ചിത താപനിലയില്‍( തിളനില ) മാത്രമേ സംഭവിക്കൂ
  2. ബാഷ്പീകരണം ഉപരിതലത്തില്‍ നിന്ന് മാത്രമേ നടക്കുകയുള്ളൂ എന്നാല്‍ തിളക്കുമ്പോള്‍ ദ്രാവകത്തിന്റെ ഏതു ഭാഗത്തുമുള്ള തന്‍മാത്രക്കും വാതകാവസ്ഥ പ്രാപിക്കാവുന്നതാണ്
  3. ബാഷ്പീകരണം ദ്രാവകത്തിന്റെ താപനില കുറക്കുന്നു എന്നാല്‍  തിളനിലയില്‍ ഏതാണ്ട് എല്ലാ തന്മാത്രകളും വാതകാവസ്ഥ പ്രാപിക്കുന്നതിനുള്ള ഊര്‍ജ്ജം കൈവരിച്ചു കഴിഞ്ഞിരിക്കും അതിനാല്‍ തിളക്കല്‍ വാതകത്തിന്റെ താപനിലയില്‍ ഒരു വ്യതാസവും വരുത്തുകയില്ല 

No comments:

Post a Comment