ധാരണകൾ-പ്രക്രിയാശേഷികൾ-സർഗാത്മകത

ശാസ്ത്രവിദ്യാഭ്യാസം

ശാസ്ത്രവിജ്ഞാനമേഖലയിൽ സത്വരമായ വളർച്ചയാണ് ദൈനംദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രസാക്ഷരത നേടുക എന്നത് ഇന്ന് ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ശാസ്ത്രസാക്ഷരത ലക്ഷ്യമിടുന്ന ഒരു പഠന സമ്പ്രദായത്തിൽ പഠിതാവിന്റെ താഴെ പറയുന്ന കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.
  • അന്വേഷണ നൈപുണികൾ
  • ശാസ്ത്രചിന്താ ശേഷികൾ
  • നേടിയ ശേഷികൾ നൂതന സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ശേഷികൾ
  • ശാസ്ത്രസംബന്ധിയായ അടിസ്ഥാനധാരണകൾ
  • ശാസ്ത്രത്തിന്റെ രീതി

               ഈ കഴിവുകൾ വികസിക്കുന്നതോടൊപ്പം ഓരോ കുട്ടിയുടേയും ഈ കഴിവുകളുടെ വികസത്തിന് താഴെ കൊടുത്തിരിക്കുന്ന തരത്തിൽ ശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ശാസ്ത്രസാക്ഷരതയിലേയ്ക്ക് നയിക്കുന്ന ഒരു ശാസ്ത്ര പഠന രീതിയാണ് വിഭാവനം ചെയ്യുന്നത്.

ശാസ്ത്രത്തിന്റെ മണ്ഡലങ്ങൾ
  1. ധാരണകൾ
  2. പ്രക്രിയാശേഷികൾ
  3. പ്രയോഗം
  4. മനോഭാവം
  5. സർഗാത്മകത
  6. ശാസ്ത്രത്തിന്റെ സ്വഭാവം

1.       ധാരണകൾ (Understanding domain): ശാസ്ത്രപഠനത്തിന്റെ മർമ്മമാണ് ശാസ്ത്രാശയങ്ങളുടെ സമാഹാരം. പഠിതാവിന്റെ മുന്നറിവുകളേയും അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് തന്റെ ചുറ്റുമുള്ള ലോകത്തെപ്പറ്റിയുള്ള ധാരണകൾ പഠിതാവ് രൂപികരിക്കുന്നത്. മൂർത്തങ്ങളായ പഠനാനുഭവങ്ങളിലൂടെ മാത്രമേ പഠിതാക്കളെ ആശയങ്ങളിലേയ്ക്ക് നയിക്കാവൂ. ശാസ്ത്രാശയങ്ങൾ കേട്ടോ വായിച്ചോ ഗ്രഹിക്കുകയല്ല, മറിച്ച് ടീച്ചർ ആസൂത്രണം ചെയ്യുന്ന നിരവിധി പ്രവർത്തനങ്ങളിൽ പഠിതാക്കൾ ഒറ്റയ്ക്കോ ചെറുസംഘങ്ങളായോ ഏർപ്പെട്ട് ധാരണകൾ രൂപീകരിക്കുകയാണ്. ധാരണകൾ സ്വരൂപിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ധാരണകൾ സ്വരൂപിക്കുന്നതിനും ടീച്ചർ നിർണ്ണായക പങ്ക് വഹിക്കുന്നു. സ്വായത്തമാക്കിയ ആശയങ്ങൾ നിത്യജീവിതത്തിലെ വിവിധാവസരങ്ങളിൽ പ്രയോഗിക്കുന്നതാണ് ശാസ്ത്രാശയങ്ങൾ യഥാർത്ഥത്തിൽ ഗ്രഹിച്ചു എന്നതിന് തെളിവ്. ഒറ്റപ്പെട്ട ആശയഗ്രഹണമല്ല, മറിച്ച് ആശയങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയുള്ള പഠനമാണ് ശാസ്ത്രപഠനത്തിലൂടെ പ്രോത്സാഹിപ്പിക്കേണ്ടത്.

വസ്തുതകൾ, സിദ്ധാന്തങ്ങൾ, തത്വങ്ങൾ എന്നിവയെല്ലാം ധാരണാമണ്ഡലത്തിൽ ഉൾപ്പെടുന്നു.

2.       പ്രക്രിയകൾ (Process domain): ശാസ്ത്രീയ അന്വേഷണമാണ് ശാസ്ത്രത്തിന്റെ രീതി. ഈ അന്വേഷണത്തിലൂടെയാണ് ശാസ്ത്രസത്യങ്ങളിലേയ്ക്ക് എത്തിച്ചേരുന്നത്. ശാസ്ത്രീയമായ അറിവ് സമാഹരിക്കുന്ന പ്രക്രിയയ്ക്ക് ശാസ്ത്രപഠനത്തിൽ പരമപ്രധാനമായ സ്ഥാനമാണുള്ളത്. ശാസ്ത്രപ്രക്രിയകളിൽ നിരന്തരമായി ഏർപ്പെടുന്നതിലൂടെ സ്വായത്തമാക്കുന്ന ശേഷികൾ നിത്യജീവിതത്തിൽ ഉപയോഗിക്കാം.

        പ്രക്രിയാശേഷികളുടെ നേട്ടവും പ്രയോഗവും വികസനവും
                   ശാസ്ത്രത്തിന്റെ പ്രക്രിയാ‍മണ്ഡലവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ പ്രക്രിയാശേഷികളുടെ നേട്ടവും പ്രയോഗവും വികസനവും നൂതന ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. നവീന ശാസ്ത്രപാഠ്യപദ്ധതിയിൽ ലക്ഷ്യമിട്ടിരിക്കുന്ന ശേഷികളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.
1)     നിരീക്ഷിക്കൽ (observing)
2)     വർഗ്ഗീകരിക്കൽ (classifying)
3)     അളക്കൽ (measuring)
4)     ആശയവിനിമയം ചെയ്യൽ (communicating)
5)     സംഖ്യാബന്ധങ്ങൾ ഉപയോഗിക്കൽ (using number relations)
6)     സ്ഥലകാല ബന്ധങ്ങൾ ഉപയോഗിക്കൽ (using space and time relationships)
7)     നിഗമനത്തിലെത്തൽ (inferring)
8)     പ്രവചിക്കൽ (predicting)
9)     പ്രായോഗിക നിർവ്വചനങ്ങൾ രൂപീകരിക്കൽ (making operational definitions)
10) പരികൽ‌പ്പനകൾ രൂപീകരിക്കൽ (formulating hypotheses)
11) ചരങ്ങളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കൽ (identifying and controlling variables)
12) ദത്തങ്ങളെ വ്യാഖ്യാനിക്കൽ (interpreting data)
13) പരീക്ഷണത്തിലേർപ്പെടൽ (experimenting)
ഇതിൽ ആദ്യത്തെ എട്ടെണ്ണം അടിസ്ഥാന പ്രക്രിയാശേഷികളാണ്. അവയെ പ്രായേണ ലളിതമായ പ്രക്രിയാശേഷികളിൽ നിന്ന് ആരംഭിച്ച് സങ്കീർണ്ണമാ‍യവയിലേയ്ക്ക് എന്ന രീതിയിൽ ഒരു നിശ്ചിതമായ ബോധനശ്രേണിയായി ക്രമീകരിച്ചിരിക്കുന്നു. ഈ അടിസ്ഥാനശേഷികളാകട്ടെ നിരീക്ഷിക്കാനുള്ള കുട്ടിയുടെ (പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച്) ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഈ പ്രക്രിയാശേഷികൾ ഘട്ടം ഘട്ടമായി നേടുന്നതിന് പ്രൈമറി ഘട്ടത്തിൽ ആരംഭം കുറിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി ഘട്ടത്തിൽ മേൽ പറഞ്ഞവയൊക്കെ പ്രയോജനപ്പെടുത്തി കൊണ്ടുള്ള അഞ്ച് ഉദ്ഗ്രഥിത പ്രക്രിയാശേഷികൾക്കു കൂടി ക്രമേണ ഊന്നൽ കൊടുക്കുന്നു.
          വ്യത്യസ്ത പഠനപ്രവർത്തനങ്ങളിലൂടെ പ്രക്രിയാശേഷികൾ സ്വായത്തമാക്കുന്നത് ക്രമേണ ശക്തിപ്പെടുത്തുന്ന സമീപനമാണ് നാം സ്വീകരിച്ചിട്ടുള്ളത്. പലപ്പോഴും ഒന്നിലേറെ ശേഷികൾ ഓരോ പഠനപ്രവർത്തനത്തിലൂടെയും ലക്ഷ്യമിടുന്നുണ്ടാകാം. പരീക്ഷണത്തിലേർപ്പെടാനുള്ള ശേഷിയിൽ യഥാർത്ഥത്തിൽ അടിസ്ഥാനശേഷികളും ഉദ്ഗ്രഥിത ശേഷികളും ഒരേ തോതിലല്ലെങ്കിലും അന്തർലീനമാണ്. വ്യത്യസ്ത ക്ലാസ്സുകളിൽ വ്യത്യസ്ത നിലവാരത്തിലാകണം അവ കൈകാര്യം ചെയ്യേണ്ടത്.

  1. പ്രയോഗം (Application and Connection domain): നേടിയ ധാരണകളും പ്രക്രിയാശേഷികളും ജീവിതസാഹചര്യങ്ങളിൽ അവസരോചിതമായി പ്രയോഗിക്കുമ്പോൾ മാത്രമേ പഠനത്തിന് അർത്ഥമുണ്ടാകുന്നുള്ളൂ. ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വ്യക്തി ജീവിതം, സമകാലീന – സാമൂഹിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി പ്രശ്നാധിഷ്ഠിതമായ സമീപനത്തിലൂടെ അറിവിന്റേയും ശേഷികളുടേയും പ്രയോഗത്തിന്റെ ആവശ്യകത പഠിതാക്കൾക്ക് ഉൾക്കൊള്ളാനാവും. വിമർശനാത്മക ചിന്ത, യുക്തിപൂർവ്വമായ സമീപനം, പ്രശ്നപരിഹരണശേഷി, ഉദ്ഗ്രഥിത സമീപനം, ശാസ്ത്രത്തിന്റെ സമീപനം, ശാസ്ത്രവികാസത്തെ വിലയിരുത്താനുള്ള കഴിവ് ഇവയൊക്കെ ഈ മണ്ഡലത്തിന്റെ വിവിധ തലങ്ങളാണ്.

പ്രായോഗികശേഷി മണ്ഡലത്തിന്റെ ചില സൂചകങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
    • ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശാസ്ത്രത്തിന്റെ പ്രക്രിയകൾ പ്രയോജനപ്പെടുത്തൽ (using scientific process in solving problems that occur in daily life)
    • സ്വായത്തമാക്കുന്ന ആശയങ്ങളും ശേഷികളും ജീവിതത്തിൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗപ്പെടുത്തൽ ( applying learned science concepts and skills to everyday technological problems)
    • ശാസ്ത്രാശയങ്ങളുടെ ഉദാഹരണങ്ങൾ ദൈനംദിന ജീവിത സന്ദർഭങ്ങളിൽ നിരീക്ഷിക്കുക ( seeing instances of scientific concepts in everyday life experiences)
    • വീട്ടിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രാശയങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കൽ ( understanding scientific and technological principles involving in household and other common technological devices)
    • ആഹാരം, ആരോഗ്യം, ജീവിതശൈലി തുടങ്ങിയവയിൽ വ്യക്തിപരമായി ശാസ്ത്രീയ തീരുമാനമെടുക്കൽ ( decision making related to person, health, nutrition and life style based on knowledge of scientific concepts rather than hearsay or emotions)
    • ശാസ്ത്രവികസനത്തെകുറിച്ചുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും (understanding and evaluating mass media reports on scientific developments)
    • മറ്റ് വിഷയങ്ങളുമായി ശാസ്ത്രത്തെ ബന്ധപ്പെടുത്തൽ (integrating science with other subjects)

  1. മനോഭാവം (Attitudinal Domain): ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട ശാസ്ത്രവസ്തുതകൾ, ശാസ്ത്രപ്രക്രിയകൾ എന്നിവയ്ക്ക് പരിഗണന നൽകുന്ന പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മനോഭാവങ്ങൾ.
മനോഭാവം 2 തരത്തിലുണ്ട്.
1.      ശാ‍സ്ത്രത്തോടുള്ള മനോഭാവം. ഉദാ:- ശാസ്ത്രത്തോടുള്ള താൽ‌പ്പര്യം, ശാസ്ത്രജ്ഞന്മാരോടുള്ള മനോഭാവം.
2.      ശാസ്ത്രീയ മനോഭാവം. ഉദാ:- തുറന്ന മനസ്സ്, സത്യസന്ധത, അന്ധവിശ്വാസങ്ങളെ നിരാകരിക്കാനുള്ള ധൈര്യം.

വിഷയങ്ങളോടും പ്രശ്നങ്ങളോടും ശരിയായ മനോഭാവം വളർന്നു വരുന്നതനുസരിച്ച് ആത്മവിശ്വാസവും വർദ്ധിക്കുന്നു. ഓരോ സന്ദർഭത്തിലും ആത്മവിശ്വാസത്തോടെ വിഷയത്തെ വിലയിരുത്തി ശരിയായ മനോഭാവം സ്വീകരിക്കുന്നതിലൂടെ പഠിതാവിന്റെ വ്യക്തിത്വം വികസിക്കുന്നു.
                        ഈ മണ്ഡലവുമായി ബന്ധപ്പെട്ട ചില സൂചകങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
  • ശാസ്ത്രീയമായ അറിവിനോടും ശാസ്ത്രവിദ്യാഭ്യാസത്തിനോടും ശാസ്ത്രാദ്ധ്യാപകരോടും മമതാപരമായ ഒരു നിലപാട് വികസിക്കൽ.
  • സ്വന്തം കഴിവിലുള്ള വിശ്വാസം വികസിക്കൽ
  • സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളിൽ തീരുമാനമെടുക്കൽ
  • മറ്റുള്ളവരുടെ നിലപാടുകളോടും ചിന്തകളോടും കൂടുതൽ സംവേദനക്ഷമത ഉണ്ടായിരിക്കൽ
  • സ്വന്തം വികാരവിചാരങ്ങൾ സ്യഷ്ടിപരമാ‍യി പ്രകടിപ്പിക്കൽ
  • വൈയക്തിക മൂല്യങ്ങളിൽ കാര്യകാരണ ബോധത്തോടെ ചിന്തിച്ച് തീരുമാനമെടുക്കൽ

5.            സർഗ്ഗാത്മകത (Creativity domain) : ശാസ്ത്രത്തിന്റെ രീതിയിൽ സർഗ്ഗാത്മകത ഒരു അവിഭാജ്യ ഘടകമാണ്. പ്രശ്നങ്ങൾ നിർവ്വചിക്കുന്നതിലും, പരികൽ‌പ്പനകൾ രൂപീകരിക്കുന്നതിലും, പരിഹാരങ്ങൾ കണ്ടെത്തി പരീക്ഷിക്കുന്നതിലും, ആശയവിനിമയം ചെയ്യുന്നതിലും, അപഗ്രഥനം നടത്തുന്നതിലുമെല്ലാം സർഗ്ഗാ‍ത്മകതയുടെ അംശമുണ്ട്. കുട്ടികളിലെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുവാൻ അദ്ധ്യാപകർക്ക് ഏറെ ചെയ്യാൻ കഴിയും. ശാസ്ത്രാശയങ്ങളുടെ ദ്യശ്യവൽക്കരണം, വേറിട്ട ചിന്താ ഗതികൾ അവതരിപ്പിക്കൽ, യുക്തിബോധം, ഉപകരണങ്ങൾ രൂപകൽ‌പ്പന ചെയ്യൽ, ആശയവിനിമയത്തിന് പുതിയ രീതികൾ അവലംബിക്കൽ, ആശയങ്ങളേയും വസ്തുക്കളെയും ബന്ധിപ്പിച്ച് പുതുമയോടെ അവതരിപ്പിക്കൽ തുടങ്ങിയ ശേഷികളൊക്കെ ഈ മണ്ഡലത്തിന്റെ വിവിധ തലങ്ങളാണ്.

 ഈ മണ്ഡലത്തിൽ പ്രകടമാകുന്ന ചില കഴിവുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

  • മനോചിത്രങ്ങൾ രൂപീകരിക്കൽ (Visualising – producing mental images)
  • വേറിട്ട ചിന്തകൾ (Divergent thinking)
  • വ്യത്യസ്ത ഉത്തരങ്ങൾ ഉള്ള ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ (using open ended questions)
  • സാധാരണമല്ലാത്ത ആശയങ്ങൾ സ്യഷ്ടിക്കുക (Generating unusual ideas)
  • വസ്തുക്കളേയും ആശയങ്ങളേയും പുതിയ രീതിയിൽ ബന്ധിപ്പിക്കുക (Combining objects and ideas in new ways)
  • പ്രശ്നങ്ങൾക്കും പസിലുകൾക്കും ഉത്തരം കണ്ടെത്തൽ (Solving problems and puzzles)
  • ഉപകരണങ്ങളും യന്ത്രങ്ങളും ഡിസൈൻ ചെയ്യൽ (Designing devices and machines)
  • കണ്ടെത്തലുകളെ വ്യത്യസ്തരീതിയിൽ ആശയവിനിമയം ചെയ്യൽ (Multiple modes of communicating results)

6.      ശാസ്ത്രത്തിന്റെ സ്വഭാവം (Nature of Science): ശാസ്ത്രം ചലനാത്മകമാണ്. ഈ ചലനാത്മകതയും നൈരന്തര്യവും നിലനിർത്തുന്നതിൽ ശാസ്ത്രജ്ഞന്മാർ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. എത്രയോ കണ്ടെത്തലുകൾ, എത്രയോ തിരുത്തലുകൾ ശാസ്ത്രത്തിന്റെ സ്വഭാവം അതാണ്. ഇനിയും പല ആശയങ്ങളും തിരുത്തപ്പെട്ടേയ്ക്കാം. ശാസ്ത്രത്തിന്റെ ചലനാത്മകതയും നൈരന്തര്യവും ചഞ്ചലതയും ഇതിനൊക്കെ കാരണമായ ശാസ്ത്രജ്ഞന്മാരുടെ ജീവിതവും പഠിതാവിനെ സ്വാധീനിക്കണം. അതിലൂടെ ശാസ്ത്രത്തെ സംബന്ധിക്കുന്ന ശരിയായ കാഴ്ചപ്പാട് പഠിതാവിൽ രൂപപ്പെടുത്തണം. ശാസ്ത്രത്തിന് നേട്ടങ്ങളൊടൊപ്പം കോട്ടങ്ങളും ഉണ്ടെന്ന് അവൻ തിരിച്ചറിയണം. എല്ലാ പ്രശ്നങ്ങൾക്കും ശാസ്ത്രം പരിഹാരമല്ല. ശാസ്ത്രപഠനത്തിലൂടെ കുട്ടി ശാസ്ത്രത്തിന്റെ സ്വഭാവത്തെകുറിച്ചും അറിയണം.

ശാസ്ത്രചിന്തനം (Scientific thinking)
          നിത്യജീവിതത്തിൽ ശാസ്ത്രീയമായ ചിന്ത ആവശ്യമായി വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രാപ്തികൾ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഭാഗമായി ക്രമേണ വളർത്തിയെടുക്കേണ്ടതുണ്ട്. ഒരു ശാസ്ത്രജ്ഞനെപ്പോലെ ചിന്തിക്കുന്നതിനുള്ള ശേഷി ആർജ്ജിക്കുക എന്നത് ഒരു വ്യക്തിയുടെ ജീവിതകാലത്തിലുടനീളം പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്. ശാസ്ത്രചിന്തനത്തിനാവശ്യമായ ശേഷികളാ‍യ, താരതമ്യം ചെയ്യുക(Comparing), വിശകലനം ചെയ്യുക(analysing), ഏകദേശാഭിപ്രായമുണ്ടാക്കുക(estimation), വിലയിരുത്തുക(evaluating), എന്നിവയും ശരിയായ തെളിവ് ലഭിക്കും വരെ തീർപ്പ് കൽ‌പ്പിക്കാതിരിക്കുക, ശരിയായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം തീർപ്പു കൽ‌പ്പിക്കുക, ഏറ്റവും ഉചിതമായത് കണ്ടെത്തുക എന്നീ ശാസ്ത്രചിന്തന പ്രക്രിയകൾ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഭാഗമായി ക്രമേണ വളർത്തിയെടുക്കേണ്ടതുണ്ട്.

പ്രശ്നനിർദ്ധാരണം (Problem Solving)
          നിത്യജീവിതത്തിൽ വിഷമപ്രശ്നങ്ങളെ സ്വയം നിർദ്ധാരണം ചെയ്യേണ്ട സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. പ്രശ്നങ്ങളുടെ നിർദ്ധാരണം യാന്ത്രികമായി ഹ്യദിസ്ഥമാക്കുകയല്ല ഉദ്ദേശിക്കുന്നത്. നിർദ്ധാരണ ഫലത്തേക്കാൾ പ്രാധാന്യം അതിൽ അടങ്ങിയിരിക്കുന്ന ചിന്തനത്തിനാണ്. പ്രശ്നസന്ദർഭം സ്വയം അപഗ്രഥിക്കുക, പഠിച്ച തത്വങ്ങളെ അടിസ്ഥാനമാക്കി തെളിവ് അഥവാ ഉത്തരം എങ്ങനെ കണ്ടു പിടിക്കാം എന്ന് യുക്തിപൂർവ്വം ചിന്തിക്കുക, ചിന്തനത്തിന്റെ ഫലം പ്രാവർത്തികമാക്കുക എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ശാസ്ത്രവിദ്യാഭ്യാസം പ്രാധാന്യം നൽകുന്നു.
          ശാസ്ത്രത്തിന്റെ ആറ് മണ്ഡലങ്ങളെ പറ്റിയും അതുമായി ബന്ധപ്പെട്ട ശാസ്ത്രപഠനലക്ഷ്യങ്ങളെപ്പറ്റിയും ആണ് ഇതിനകം വിശദീകരിച്ചത്. ശാസ്ത്രപഠനലക്ഷ്യങ്ങൾ നേടുന്നതിനാവശ്യമായ പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഉദ്‌ബോധനങ്ങളിലൂടെ വളർത്തിയെടുക്കാവുന്നവയല്ല ഈ ലക്ഷ്യങ്ങൾ. സമൂഹവുമായി, പ്രത്യേകിച്ച് സഹപാഠികളുമായും അദ്ധ്യാപകരുമായും ഇടപഴകികൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും വ്യക്തമായ ലക്ഷ്യബോധത്തോടെ അദ്ധ്യാപകർ ക്രമീകരിച്ചു കൊടുക്കുന്ന പഠനബോധന പ്രവർത്തനങ്ങളിലൂടേയും സ്വായത്തമാക്കേണ്ടവയാണ് ഈ മൂല്യങ്ങൾ. ഇതിന് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ലക്ഷ്യപ്രാപ്തിക്ക് സഹായകമാകുന്ന തരത്തിൽ ധാരാളം പ്രവർത്തനങ്ങൾ ടീച്ചർ ക്ലാസ്സ് മുറിയിൽ ആവിഷ്ക്കരിക്കണം.
--------------------------------------------------------------------------------------------------------------------
കടപ്പാട് – “ആധുനിക പഠന ബോധന തന്ത്രങ്ങൾ” – ശ്രീജിത്ത്. ബി.
                                                                                  

Comments

Post a Comment