ലൂയി പാസ്ചര്‍ - ചരമ ദിനം

Louis Pasteur(1822-1895)
പത്തൊന്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍. ഇദ്ദേഹം 1822ൽ ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധക്കുള്ള പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. മൈക്രോബയോളജിയുടെ പിതാവായും ലൂയി പാസ്ചര്‍ അറിയപ്പെടുന്നു.
ഡിസംബര്‍ 27, 1822 ന് ഫ്രാന്‍സിലെ ജൂറാ പ്രവിശ്യയിലായിരുന്നു പാസ്ചറുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഒരു ദരിദ്രനായ ചെരുപ്പുകുത്തിയായിരുന്നു. അര്‍ബോയിസ് എന്ന പട്ടണത്തിലാണ് പാസ്ചര്‍ വളര്‍ന്നത്. പ്രശസ്തമായ എക്കോള്‍ കോളേജില്‍ ചേരുന്നതിനു മുന്‍പേ അദ്ദേഹം ഗണിതശാസ്ത്രത്തിലും ഭാഷയിലും ബിരുദം നേടിയിരുന്നു. 1848-ല്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറായി നിയമിതനായി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ട്രാസ്ബർഗ് യൂനിവേഴ്സിറ്റിയില്‍ രസതന്ത്രം പ്രൊഫസറായി നിയോഗിക്കപ്പെട്ടു.
രസതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം ടാര്‍ടാറിക് അമ്ളത്തിന്റെ ഘടനയെപ്പറ്റിയുള്ള ഒരു പ്രശ്നം
പരിഹരിക്കുകയുണ്ടായി. ചില രാസപദാര്‍ഥങ്ങള്‍, ഉദാഹരണത്തിന്, പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ടാര്‍ടാറിക് അമ്ലം, പോളറൈസേഷന്‍ എന്ന പ്രത്യേകത കാണിക്കുന്നു. എന്നാൽ കൃത്രിമമായി നിര്‍മ്മിച്ച ടാര്‍ടാറിക് അമ്ലം എങ്ങനെ പ്രകാശത്തെ പോളറൈസ് ചെയ്യുന്നു എന്ന സമസ്യയ്ക്ക് ഉത്തരം കണ്ടത് പാസ്ചർ ആയിരുന്നു. കൈറാല്‍ സംയുക്തങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തതും അദ്ദേഹം തന്നെ. കൃസ്റ്റലോഗ്രാഫിയില്‍ അദ്ദേഹം ചെയ്ത ഗവേഷണമാണ് പാസ്ചറെ പ്രശസ്തനാക്കിയത്. 
ഭക്ഷണപദാര്‍ഥങ്ങൾ പുളിച്ചുപോകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് പാസ്ചര്‍ തെളിയിച്ചു. ഈ സൂക്ഷ്മാണുക്കൾ ഉണ്ടാകുന്നത് സ്വയമല്ലെന്നും, ബയോജെനിസിസ് (ജീവനില്‍ നിന്നു മാത്രമേ ജീവന്‍ ഉണ്ടാവുകയുള്ളൂ) എന്ന പ്രക്രിയയിലൂടെയാണെന്നും അദ്ദേഹം വാദിച്ചു. പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളര്‍ച്ച മൂലമാണ് എന്ന് പാസ്ചറാണ് ആദ്യമായി നിരീക്ഷിച്ചത്. പാല്‍ കേടുവരാതിരിക്കാൻ ചൂടാക്കുന്ന വിദ്യ കണ്ടുപിടിച്ചതും പാസ്ചറാണ്. ചൂടാക്കുന്നതു വഴി അണുക്കള്‍ നശിക്കുമെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അദ്ദേഹം ക്ളോഡ് ബെർണാഡ് എന്ന ശാസ്ത്രജ്ഞനോടൊപ്പം 20 ഏപ്രിൽ 1862-ന് ഈ കണ്ടുപിടിത്തം ആദ്യമായി പരീക്ഷിച്ച് വിജയം വരിച്ചു. ഈ വിദ്യ പിന്നീട് 'പാസ്ചുറൈസേഷന്‍' എന്ന പേരിൽ അറിയപ്പെട്ടു
കോഴിപ്പനിയെപ്പറ്റി ഗവേഷണം നടത്തിയ പാസ്ചര്‍ ഒരു സുപ്രധാന കണ്ടുപിടുത്തം നടത്തി. ഗവേഷണത്തിനിടെ കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കള്‍ച്ചര്‍ കോഴികളില്‍ കുത്തിവച്ചപ്പോള്‍ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേല്‍ കുത്തി വച്ചപ്പോള്‍ അവ ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല.ഈ ചികിത്സ ഫലപ്രദമായതിനെത്തുടർന്ന് മറ്റ് പല മാരകരോഗങ്ങള്‍ക്കും വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം ശാസ്ത്രജഞന്മാര്‍ തുടങ്ങിവച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചര്‍ ആണ്. എന്നാല്‍ ഈ മരുന്ന് ആദ്യമായി നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ എമിലീ റോക്സ് ആണ്. പതിനൊന്നു നായ്ക്കളുടെ മേല്‍ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചത്. ഒന്‍പതു വയസ്സുള്ള, നായുടെ കടിയേറ്റ ജോസഫ് മീസ്റ്റര്‍ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയിരുന്നത്.
1895-ൽ സെപ്തംബര്‍ 28 നു പാരീസില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു. നോട്രെഡാം കത്തീഡ്രലിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ പാരീസിലെ പാസ്ചര്‍ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹത്തിന്റെ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ കുത്തിവെപ്പു മരുന്നു നിര്‍മ്മാണകെന്ദ്രം അദ്ദേഹത്തിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്

Comments